പട്‌ന: രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തിന് മാതൃകയായി ബിഹാറിലെ ഒരു മുസ്‌ലിം കുടുംബം ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായണ്‍ മന്ദിറിന്റെ നിര്‍മ്മാണത്തിനായി 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി സംഭാവന ചെയ്തു. ഗുവാഹത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റ് ചമ്പാരനില്‍ നിന്നുള്ള വ്യവസായി ഇഷ്തിയാഖ് അഹമ്മദ് ഖാന്‍ ആണ് ഭൂമി സംഭാവന ചെയ്തത്.
പദ്ധതി ഏറ്റെടുത്തിരിക്കുന്ന പട്‌ന ആസ്ഥാനമായുള്ള മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് മേധാവി ആചാര്യ കിഷോര്‍ കുനാല്‍ ആണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.
രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ഉദാഹരണമാണ് ഖാന്റെയും കുടുംബത്തിന്റെയും ഈ സംഭാവനയെന്ന് ആചാര്യ പറഞ്ഞു. മുസ്‌ലിംകളുടെ സഹായമില്ലായിരുന്നെങ്കില്‍ ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പ്രയാസമായേനെ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് ഇതുവരെ 125 ഏക്കര്‍ ഭൂമി ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി നേടിയിട്ടുണ്ട്. പ്രദേശത്ത് 25 ഏക്കര്‍ ഭൂമി കൂടി ട്രസ്റ്റ് ഉടന്‍ ലഭ്യമാക്കും.