ഐടി പാർക്കുകളിൽ ബാറും പബ്ബും; കശുമാങ്ങയിൽ നിന്നും വൈൻ; പുതിയ മദ്യനയം ഉടൻ

തിരുവനന്തപുരം: മദ്യപർക്ക് ആവേശം പകരുന്ന പിണറായി സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായി. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാർക്കുകളിൽ ബാറും പബ്ബും അനുവദിക്കും. ഐടി സ്ഥാപനങ്ങൾക്ക് ബാർ നടത്തിപ്പിന് ഉപകരാർ നൽകാം. ക്ലബ്ബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന. ഇതു സംബന്ധിച്ച് ഐടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിച്ചു.

പുതിയ മദ്യനയത്തിന്റെ ഭാഗമായി കള്ളു ഷാപ്പുകള്‍ക്ക് ആരാധനാലയങ്ങൾ, പട്ടികജാതി- പട്ടികവർഗ കോളനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള ദൂരപരിധി 400 മീറ്ററിൽനിന്ന് 200 മീറ്ററാക്കി കുറയ്ക്കണമെന്ന് എക്സൈസ് കമ്മിഷർ ശുപാർശ നൽകി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ദൂരപരിധി കുറച്ചിരുന്നു.

ടൂറിസം മേഖലയിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കും. പഴത്തിൽനിന്ന് വൈൻ ഉൽപ്പാദിപ്പിക്കാനുള്ള നിയമഭേദഗതിയായി. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍, ജാതിക്ക തുടങ്ങിയവയിൽ നിന്ന് വൈൻ ഉൽപാദിപ്പിക്കാനാണ് ആദ്യഘട്ടത്തിലെ ആലോചന. എക്സൈസിന്റെ മേൽനോട്ടത്തിൽ ബവ്റിജസ് കോർപറേഷനായിരിക്കും ഉൽപ്പാദന ചുമതല.

എല്ലാ കള്ളുഷാപ്പുകൾക്കും ഏകീകൃത രൂപവും മാനദണ്ഡങ്ങളും കൊണ്ടുവന്ന് ‘ബ്രാൻഡിങ്’ നടപ്പിലാക്കും. കള്ളിനെ ബ്രാൻഡ് ചെയ്തു വിൽക്കാനുള്ള നടപടികളും ആരംഭിക്കും. ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളിൽ യൂണിഫോം കോഡ് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.

ഒന്നാം തീയതിയിലെ അവധി എടുത്തു മാറ്റണമെന്ന് മന്ത്രിതല ചർച്ചയിൽ ബവ്കോയും ബാറുടമകളും ആവശ്യപ്പെട്ടു. എന്നാൽ, തൊഴിലാളി സംഘടനകൾ ഈ നിർദേശത്തെ എതിർത്തു. ആ ദിവസത്തെ അവധി തുടരണമെന്നാണ് അവരുടെ അഭ്യർഥന.

പുതിയ മദ്യനയം സംബന്ധിച്ച് വകുപ്പിലെ ചർച്ചകളുടെ കരട് റിപ്പോർട്ട് സിപിഎം ചർച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എൽഡിഎഫും നിർദേശിക്കുന്ന മാറ്റങ്ങളോടെ നയം മന്ത്രിസഭ അംഗീകരിച്ച് മാർച്ച് 21ന് മുൻപായി പുതിയ മദ്യനയത്തിന്റെ ഉത്തരവിറങ്ങുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.