രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധാഭിപ്രായം

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധാഭിപ്രായം. കൊവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരംഗത്തിന് കാരണമെന്നും അനുമാനമുണ്ട്.

നേരത്തെ പടര്‍ന്ന ഒമിക്രോണ്‍ BA.2 വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെങ്കിലും അടുത്ത വ്യാപന തരംഗം ഈ വകഭേദം മൂലമായിരിക്കില്ല. ഐഎംഎ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോ ചെയര്‍മാനായ ഡോ രാജീവ് ജയദേവനാണ് എഎന്‍ഐയോട് ഇക്കാര്യം വ്യക്തമാക്കിയത്.

‘വൈറസ് ഇവിടെ തന്നെ ഉണ്ടാവും. ഉയര്‍ന്നും താഴ്ന്നും വളരെ കാല് ഇത് നിലനില്‍ക്കും. അടുത്ത വേരിയന്റ് വരുമ്പോള്‍ വ്യാപനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാവും. അതെപ്പോഴായിരിക്കുമെന്ന് അറിയില്ല. പക്ഷെ അത് സംഭവിക്കുമെന്ന് ചരിത്രം പറയുന്നു. അനിവാര്യമായും ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍. അത് സാധാരണമായി അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്,’ ഡോ രാജീവ് ജയദേവന്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം താഴ്ന്ന നിലയിലാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വകഭേദത്തിനും ജനിതക ഘടനയില്‍ വ്യതിയാനമുണ്ടാവുമെന്നും വാക്‌സിനെ കവച്ചുവെക്കാനുള്ള ശേഷിയുണ്ടാവുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

© 2024 Live Kerala News. All Rights Reserved.