കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ എട്ടു പേര്‍ പിടിയിലായി. പ്രതികളില്‍ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ രണ്ട് പേര്‍ വധക്കേസ് പ്രതികളാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക സംഘമാണ് തിരച്ചില്‍ നടത്തിയത്.
ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തവരാണ് പ്രതികള്‍. ഇവര്‍ ഗള്‍ഫില്‍ വച്ച് ശിക്ഷിക്കപ്പെട്ടിരുന്നു. കൊല്ലത്തുനിന്നുള്ള ഒരു യുവതിയടക്കം 4 പേര്‍ ഇത് വാങ്ങുന്നതിനായി ഹോട്ടലില്‍ എത്തി. ആ സമയത്താണ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന പ്രത്യേക സംഘം പരിശോധന നടത്തിയത്.
കൊല്ലം സ്വദേശിനിയായ തസ്‌നിയാണ് മയക്കുമരുന്ന് വാങ്ങുന്നതിനായി കൊച്ചിയിലെത്തിയത്. ഇവരെ നിരീക്ഷിച്ചാണ് അന്വേഷണ സംഘം ഹോട്ടലിലെത്തിയത്. എറണാകുളം സ്വദേശി റിച്ചു റഹ്മാന്‍, മലപ്പുറം സ്വദേശി മുഹമ്മദാലി, കണ്ണൂര്‍ സ്വദേശി സല്‍മാന്‍ പി, കൊല്ലം സ്വദേശി ഷിബു, കൊല്ലം സ്വദേശി ജുബൈര്‍, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. മുഹമ്മദാലിയും സല്‍മാനും റിച്ചു റഹ്മാനും ചേര്‍ന്നാണ് വില്പന നടത്തിയത്.