അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് ഏജന്‍സി എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധിക്ക് എതിരെയും പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചു. സഭയില്‍ വരാത്ത, കേള്‍ക്കാന്‍ തയ്യാറാകാത്ത ആള്‍ക്ക് എങ്ങനെ മറുപടി പറയുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. ലോക്‌സഭയിലും രാജ്യസഭയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ തൊഴിലില്ലായ്മ, ഇന്ത്യ-ചൈന വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. രാഹുല്‍ ഗാന്ധി സഭയില്‍ വന്ന് മറുപടി നല്‍കാന്‍ തയ്യാറാവണം എന്നും മോദി പറഞ്ഞു.

പാര്‍ലമെന്റില്‍ ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായും ചര്‍ച്ചയില്‍ വിശ്വസിക്കുന്നതായും മോദി പറഞ്ഞു. കാര്‍ഷിക നിയമങ്ങളെയും പ്രധാനമന്ത്രി ന്യായീകരിച്ചു. നിയമങ്ങള്‍ കര്‍ഷകതാല്‍പ്പര്യം സംരക്ഷിക്കുന്നതാണ്. എന്നാല്‍ ദേശീയതാല്‍പ്പര്യം പരിഗണിച്ചാണ് നിയമങ്ങള്‍ പിന്‍വലിച്ചത്. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും മോദി പറഞ്ഞു. സുരക്ഷാ വീഴ്ച്ചയെക്കുറിച്ചുള്ള ചോദ്യത്തിന് പഞ്ചാബുമായി തനിക്കുള്ളത് ഏറെക്കാലത്തെ ബന്ധമെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. സുപ്രീംകോടതി പരിശോധിക്കുന്നത് കൊണ്ട് കൂടുതല്‍ വിശദീകരണത്തിന് ഇല്ലെന്നും മോദി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.