നിമിഷങ്ങള്‍ക്കുള്ളില്‍ പി.സി.ആര്‍ പരിശോധനാഫലം; കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം ലഭിച്ചാലോ? അത്തരമൊരു കണ്ടെത്തലുമായാണ് ചൈനയിലെ ഷാങ്ഹായിലെ ഫുഡാന്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു പറ്റം ഗവേഷകര്‍ രംഗത്ത് വന്നിരിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ പി.സി.ആര്‍ പരിശോധനാഫലം ലഭ്യമാകുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ വികസിപ്പിച്ചത്.

തങ്ങള്‍ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോ മെക്കാനിക്കല്‍ ബയോസെന്‍സര്‍ ഉപയോഗിച്ച് നാല് മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം അറിയാനാവുമെന്നാണ് ഇവരുടെ അവകാശ വാദം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഷാങ്ഹായിലെ 33 പേരില്‍ പരിശോധന നടത്തിയെന്നും നിമിഷങ്ങള്‍ക്കുള്ളില്‍ പരിശോധനാഫലം നല്‍കാനായെന്നും ഗവേഷകര്‍ പറയുന്നു.

കോവിഡ് രോഗ ലക്ഷണമുളളവരിലും ഇല്ലാത്തവരിലും നടത്തിയ പരിശോധനകളില്‍ കൃത്യമായ ഫലങ്ങളാണ് ലഭിച്ചത്. ഈ കണ്ടെത്തല്‍ പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനാവുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. എയര്‍പോര്‍ട്ടിലോ വീട്ടിലോ എവിടെ വച്ചുമാകട്ടെ പരിശോധന വേഗത്തില്‍ നടത്തി ഫലം നല്‍കാനാവുമെന്നും വിദേശയാത്രക്കാര്‍ക്കടക്കം ഇത് വലിയ രീതിയില്‍ ഉപകരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

കോവിഡ് രോഗികള്‍ കൂടുന്നതും പരിശോധനകള്‍ അധികരിക്കുന്നതും ഫലം വൈകാനിടയാക്കുന്നുണ്ട് എന്ന തിരച്ചറിവില്‍ നിന്നാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ പ്രേരകമായത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.