തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും അന്വേഷണത്തിന്. നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്‌ന സുരേഷിന് ഇഡി സമന്‍സ് അയച്ചു. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം.
മുഖ്യമന്ത്രിയെ കുടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തന്റെ ഓഡിയോ ശിവശങ്കറിന്റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചില്‍. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക.
ശിവശങ്കര്‍ ആസൂത്രണം ചെയ്ത പദ്ധതിക്കനസരിച്ച് ഗാര്‍ഡ് നിന്ന് പൊലീസ് ഉദ്യോഗസ്ഥയാണ് മൊബൈലില്‍ ശബ്ദം റിക്കോര്‍ഡ് ചെയ്തതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ഈ നീക്കം പിന്നീട് സിംഗിള്‍ ബെഞ്ച് തടഞ്ഞു. ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നിലവില്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നായിരുന്നു എം ശിവശങ്കര്‍ ആത്മകഥയില്‍ പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജന്‍സികള്‍ കരുതി. കേസില്‍ താനാണ് കിംഗ് പിന്‍ എന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു