ഒട്ടാവ: കാനഡയില്‍ നിര്‍ബന്ധിത വാക്‌സിനേഷനെതിരായ പ്രതിഷേധം നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍. തലസ്ഥാന നഗരമായ ഒട്ടാവയില്‍ സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി കുടുംബങ്ങളും കുട്ടികളുമടക്കം നിരവധിയാളുകളാണ് ‘ഫ്രീഡം കണ്‍വോയ്’ എന്ന് പേരിട്ടിരിക്കുന്ന 50,000 ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിനൊപ്പം പങ്കുചേര്‍ന്നത്. ഇനിയും 2000 ലധികം പ്രതിഷേധക്കാരെക്കൂടി പ്രതീക്ഷിക്കുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ പതിനായിരത്തിലധികം ആള്‍ക്കാര്‍ പ്രതിഷേധത്തിനൊപ്പം അണിചേരുമെന്നാണ് ഫ്രീഡം കണ്‍വോയ് സംഘാടകര്‍ അവകാശപ്പെടുന്നത്.
പ്രതിഷേധക്കാര്‍ക്കായുള്ള ടെന്റുകളും ഭഷണസാധനങ്ങളുമൊക്കെ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ടൊറന്റോയിലും ക്യൂബക്ക് സിറ്റിയിലും വിന്നിപെഗിലും പ്രതിഷേധം വ്യാപിക്കുമെന്നും ഫ്രീഡം കണ്‍വോയ് അറിയിച്ചു. 10 ദശലക്ഷത്തിലധികം കനേഡിയന്‍ ഡോളറാണ് ഓണ്‍ലൈന്‍ സംഭാവനയായി ഫ്രീഡം കണ്‍വോയിക്ക് ലഭിച്ചത്.
പ്രതിഷേധക്കാരില്‍ ചിലര്‍ കോണ്‍ഫെഡറേറ്റ് പതാകകളും നാസി ചിഹ്നങ്ങളും ഉപയോഗിച്ചത് പ്രദേശവാസികളുമായുള്ള സംഘര്‍ഷത്തിനിടയാക്കിയിരുന്നു. വാക്‌സിന്‍ എടുക്കുന്നത് സംബന്ധിച്ചല്ല , ഇത് സ്വാതന്ത്രത്തിന്റെ പ്രശ്‌നമാണെന്നാണ് പ്രതിഷേധക്കാരും അനുകൂലികളും വ്യക്തമാക്കുന്നത്. നിര്‍ബന്ധിത വാക്‌സിനേഷന്‍ ഉത്തരവിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജോലിവരെ നഷ്ടപ്പെട്ടതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.