മത്സ്യത്തൊഴിലാളി ആത്മഹത്യ;കുറ്റക്കാര്‍ ആരായാലും നടപടി എടുക്കും; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി

പറവൂര്‍: മത്സ്യത്തൊഴിലാളി സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യു മന്ത്രി കെ രാജന്‍. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും.സംഭവത്തില്‍ റവന്യു വകുപ്പിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. എഡിഎം, ഫോര്‍ട്ട്കൊച്ചിയിലെ ആര്‍ഡിഒ ഓഫീസില്‍ തെളിവെടുപ്പ് നടത്തും. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷ്ണറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഭൂമിതരം മാറ്റം സംബന്ധിച്ച ഫയലുകളും പരിശോധിക്കും.
മത്സ്യത്തൊഴിയാളിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഭൂമി തരം മാറ്റാനുള്ള അപേക്ഷയുമായി ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് സജീവന്‍ ആത്മഹത്യ ചെയ്തത്. അധികൃതര്‍ക്കും സര്‍ക്കാരിനും എതിരെ കത്തെഴുതി വെച്ചിട്ടായിരുന്നു ആത്മഹത്യ. വ്യാഴാഴ്ച രാവിലെയാണ് വീട്ടു വളപ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ സജീവനെ കണ്ടെത്തിയത്.

© 2025 Live Kerala News. All Rights Reserved.