‘അശ്വത്ഥാമാവ് വെറുമൊരു ആന’ ;എം ശിവശങ്കറിന്റെ ആത്മകഥ വരുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലും പ്രതിയായ എം.ശിവശങ്കര്‍ ഐഎഎസിന്റെ ആത്മകഥ പുറത്തിറങ്ങുന്നു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കര്‍ . ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്നാണ് പുസ്തകത്തിന്റെ പേര്.ഡി.സി ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവ കഥ എന്ന ടാഗ് ലൈനോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും.സ്വര്‍ണക്കടത്തുകേസിലെ അന്വേഷ ഏജന്‍സികളുടെ സമീപനവും ജയിലിലെ അനുഭവങ്ങളുമടക്കമുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ടാകും.സ്വര്‍ണക്കടത്ത് കേസില്‍ സസ്പെന്‍ഷനിലായ എം. ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ മാസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. സ്പോര്‍ട്സ് വകുപ്പില്‍ സെക്രട്ടറിയായാണ് നിയമനം. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2020 ജൂലൈ 16ന് ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തത്. പിറന്നാൾ ദിനത്തിൽ ജയിൽ അനുഭവമടക്കം വിവരിച്ച് ശിവശങ്കർ ഫെയ്‌സ്ബുക്കിൽ നേരത്തെ പോസ്റ്റിട്ടിരുന്നു. യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത് എന്നും ശിവശങ്കർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.