കെ- റെയില്‍ നിലപാട് മാറ്റി ശശി തരൂര്‍; വന്ദേ ഭാരത് കെ റെയിലിന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം:കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കെ റെയിലില്‍ പദ്ധതിയില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. മൂന്ന് വര്‍ഷം കൊണ്ട് 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്നാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇത് കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശശിതരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്.

വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം.

© 2024 Live Kerala News. All Rights Reserved.