കോഴിക്കോട്: സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വാര്‍ത്താ മന്ത്രാലയം മീഡിയ വണ്‍ ചാനല്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.മീഡിയ വണ്‍ ഒരു രാജ്യദ്രോഹ ചാനലാണ് എന്നതില്‍ ഒരു സംശയവുമില്ലെന്ന് കെ.സുരേന്ദ്രന്‍. മീഡിയ വണ്ണിന് കൊമ്പില്ല. ലൈസന്‍സ് പുതുക്കല്‍, രേഖകള്‍ പുതുക്കല്‍ എന്നിവ നടപടി ക്രമങ്ങള്‍ മാത്രമാണ്. മാധ്യമങ്ങള്‍ക്ക് സ്വന്തമായ നിയമമില്ല. ഇത്തരം തീരുമാനങ്ങളില്‍ കേന്ദ്രത്തിന് രാഷ്ട്രീയ പരിഗണനയില്ലെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.എന്തുകൊണ്ട് വിലക്കേര്‍പ്പെടുത്തിയെന്നതിന് ഉത്തരം കേന്ദ്ര സര്‍ക്കാര്‍ പറയും. തനിക്ക് അതിനുള്ള ബാധ്യതയില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.മീഡിയ വണ്ണിന്റെ മഹത്വത്തെക്കുറിച്ച് പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലായത് കൊണ്ടാണ് ഈ ചാനലിന് ലൈസന്‍സ് കിട്ടിയതെന്നാണ് മതേതരവാദിയായ ആന്റണി പറഞ്ഞത്. കണ്ടന്റിനെക്കുറിച്ച് ഇഴകീറി പരിശോധിക്കാനുള്ള നിയമസംവിധാനം ഇവിടെയുണ്ട്. രാജ്യത്തെ നിയമസംവിധാനത്തിനകത്ത് അത് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ.അങ്ങനെ പ്രവര്‍ത്തിക്കാനേ സമ്മതിക്കുകയുള്ളു.ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേരളത്തിലെ ചാനല്‍ മേധാവിക്കെതിരെ കേരള സര്‍ക്കാര്‍ കേസെടുത്തതില്‍ പരാതിയില്ലേയെന്നും പ്രകടനമൊന്നും നടത്തുന്നില്ലേയെന്നും മാധ്യമപ്രവര്‍ത്തകരോട് കെ. സുരേന്ദ്രന്‍ ചോദിച്ചു.തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും ചാനല്‍ അറിയിപ്പിലൂടെ വ്യക്തമാക്കി. ഇതിന് പിന്നാലെ തല്‍ക്കാലം സംപ്രേക്ഷണം നിര്‍ത്തുന്നുവെന്നും മീഡിയാവണ് വ്യക്തമാക്കി.കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത് പിന്നാലെ ചാനല്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെ മണിക്കൂറുകള്‍ക്കകം തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. രണ്ട് ദിവസത്തേക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.