കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി വിയ്ക്കും ചാനല്‍ എം ഡി എം വി നികേഷ് കുമാറിനുമെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി നടിയും ഡബ്ല്യൂ.സി.സി അംഗവുമായ റിമ കല്ലിങ്കല്‍.സപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ടി.വി. എന്നെഴുതി ‘നീതിക്കൊയ്പ്പം, അതിജീവിതയ്ക്കൊപ്പം പിന്നോട്ടില്ല’ എന്ന് പ്രഖ്യാപിക്കുന്ന പോസ്റ്ററാണ് റിമ പങ്കുവെച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി കൂടിയായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും എം.ഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസെടുത്തത്.ദിലീപിന്റെ ഹരജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും സ്വമേധയാ കേസെടുക്കുകയായിരുന്നു.ഐ.പി.സി സെക്ഷന്‍ 228 എ(3) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിചാരണക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന ആരോപണം.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ബാക്കി നില്‍ക്കെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം റിപ്പോര്‍ട്ടര്‍ ചാനല്‍ ആയിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. ഇതാണ് കേസിനാസ്പദമാക്കിയത്.ഡിസംബര്‍ 27ന് അഭിമുഖം നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചുവെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്. എന്നാല്‍ നിലവില്‍ ബാലചന്ദ്രകുമാര്‍ കേസിലെ പ്രതിയോ സാക്ഷിയോ അല്ല. വിചാരണക്കോടതിയുമായി ബാലചന്ദ്രകുമാറിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. ബാലചന്ദ്രകുമാറിന്റെ അഭിമുഖത്തിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയും ദിലീപിനെതിരെ രംഗത്തെത്തിയിരുന്നു. ഇതും റിപ്പോര്‍ട്ടര്‍ ചാനല്‍ വഴിയാണ് പുറത്തുവന്നത്.