സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു;മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി;പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ഇംഫാല്‍: അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് നേതാക്കളുടെ അണികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിന്റെയും കോലം പ്രവര്‍ത്തകര്‍ കത്തിച്ചു,ബിജെപി പതാകകകള്‍ക്കും തീയിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ട്ടി ഓഫീസുകളും അടിച്ചുതകര്‍ത്തു. കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്ക് സീറ്റ് നല്‍കിയതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണിപ്പൂര്‍ ബിജെപിയില്‍ കലാപം രൂക്ഷമായത്. പിസിസി അധ്യക്ഷനായിരുന്ന കന്തുജാം ഗോവിന്ദ് ദാസടക്കം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്ത് പേര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രകോപന കാരണം. തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ട രാജി നടന്നതായും റിപ്പോര്‍ട്ടുണ്ട്.സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാനാകാതെ വന്നതോടെ മുന്‍ മന്ത്രി ഡോ. നിമാ ചന്ദ്് ലുവാങ്,മറ്റൊരു നേതാവ് താങ്ജാന്‍ അരുണ്‍കുമാര്‍ എന്നിവര്‍ പാര്‍ട്ടി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.എംഎല്‍എമാരായ യുംഖാം ഇറബോട്ട്, എം രാമേശ്വര്‍, പി ശരത്ചന്ദ്ര എന്നിവര്‍ സീറ്റ് നല്‍കാത്തതില്‍ പരസ്യ പ്രതിഷേധവും രേഖപ്പെടുത്തി.വരുംദിവസങ്ങളില്‍ ഇവര്‍ ബിജെപി വിടുമെന്നു സൂചനയുമുണ്ട്.മണിപ്പൂരിലെ സംഭവം ബിജെപി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിച്ചുവെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലില്‍ ഇക്കുറി ആരുമായും സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്. അതേ സമയം ബിജെപിയിലെ പൊട്ടിത്തെറിയില്‍ നോട്ടമിട്ടിരിക്കുന്ന കോണ്‍ഗ്രസ് സിപിഎം,സിപിഐ, ആര്‍എസ്പി, ജനതാദള്‍ എസ് അടക്കം അഞ്ച് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്.

© 2024 Live Kerala News. All Rights Reserved.