തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പോരാട്ടത്തിന് ഇന്ന് രണ്ടാണ്ട്.2020 ജനുവരി 30നാണ് വുഹാനില്‍നിന്ന് തൃശൂരിലെത്തിയ വിദ്യാര്‍ത്ഥിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച് കേട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീക്കുമ്പോള്‍ കൊറോണ കോവിഡായി പേരുമാറിയിരുന്നു.ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീതിയിലാണ് ഇപ്പോള്‍ സംസ്ഥാനം. കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോണ്‍ കാരണം സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കേരളം ഒറ്റക്കെട്ടായി ഈയൊരു തരംഗത്തേയും അതിജീവിക്കും. അതിനായി നമ്മുടെ ജാഗ്രതയും കരുതലും തുടരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും പ്രഹരശേഷി കുറവാണെന്നതിനാല്‍ പൊതുവില്‍ വൈറല്‍ പനിയുടെ നിസ്സാരതയിലേക്ക് ജനജീവതം മാറിക്കഴിഞ്ഞു.2019 അവസാനം അന്തര്‍ദേശീയ തലത്തില്‍ കോവിഡ് വ്യാപനം ഭീതിയുയര്‍ത്തിയപ്പോള്‍ മുതല്‍ കേരളം തയ്യാറെടുപ്പ് തുടങ്ങിയിരുന്നു.
സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വര്‍ധനവും, രണ്ടാം ആഴ്ച 148 ശതമാനം വര്‍ധനവും, മൂന്നാം ആഴ്ച 215 ശതമാനം വര്‍ധനവുമാണുണ്ടായത്. എന്നാല്‍ ഇന്നലെവരെയുള്ള ആഴ്ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇന്നത് കണക്കാക്കുമ്പോള്‍ വീണ്ടും കുറഞ്ഞ് 57 ശതമാനമായിട്ടുണ്ട്. ഇങ്ങനെയൊരു കുറവ് തുടര്‍ന്നാല്‍ നമ്മുക്ക് ഏറെ പ്രതീക്ഷയുണ്ട്.ഒന്നാം തരംഗത്തത്തിലും രണ്ടാം തരംഗത്തിലും അവലംബിച്ച സ്ട്രാറ്റജിയല്ല മൂന്നാം തരംഗത്തില്‍ അവലംബിക്കുന്നത്. ഒന്നാം തരംഗത്തില്‍ കോവിഡ് വാക്സിനേഷന്‍ ഇല്ലായിരുന്നു. രണ്ടാം തരംഗത്തില്‍ വാക്സിനേഷന്‍ വളരെ കുറവായിരുന്നു. എന്നാല്‍ പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേക യഞ്ജം സംഘടിപ്പിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരുടെ ആദ്യഡോസ് വാക്സിനേഷന്‍ 100 ശതമാനമാണ്. രണ്ടാം ഡോസ് വാക്സിനേഷന്‍ 84 ശതമാനമാണ്. കുട്ടികളുടെ വാക്സിനേഷന്‍ 70 ശതമാനമാണ്. കരുതല്‍ ഡോസ് വാക്സിനേഷനും നല്ല രീതിയില്‍ പുരോഗമിക്കുന്നു. ഈ സാഹചര്യത്തില്‍ ബഹുഭൂരിപക്ഷവും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അടച്ച് പൂട്ടലിന് പ്രസക്തിയില്ല.