നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കര്‍ണാടക; രാത്രി കര്‍ഫ്യൂ ഒഴിവാക്കി;സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും

ബെംഗളൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി കര്‍ണാടക. തിങ്കളാഴ്ച മുതല്‍ കര്‍ണാടകയില്‍ രാത്രി കാല കര്‍ഫ്യൂ ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കുകയും ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അറിയിച്ചു. കോവിഡ് ബാധയെത്തുടര്‍ന്നുള്ള ആശുപത്രി പ്രവേശനം ഇപ്പോള്‍ 2 ശതമാനമായി കുറഞ്ഞിട്ടുണ്ട്, രോഗം ഭേദമാവുന്നവരുടെ നിരക്ക് ഉയരുന്നുമുണ്ട്.”സ്‌കൂളുകളില്‍ കോവിഡ് ഉചിത പെരുമാറ്റവും പ്രോട്ടോക്കോളും കര്‍ശനമായി നടപ്പിലാക്കി തിങ്കളാഴ്ച മുതല്‍ എല്ലാ ക്ലാസുകളും പ്രവര്‍ത്തിക്കും,” കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള യോഗത്തിന് ശേഷം സംസാരിക്കുകയിയിരുന്നു അദ്ദേഹം.പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനത്തിന് പകരം പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കും. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിവയും പൂര്‍ണശേഷിയോടെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട് – അവ ഇതുവരെ 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
50 ശതമാനം ശേഷി തിയറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും മള്‍ട്ടിപ്ലക്‌സുകളിലും തുടരും. ജിമ്മുകള്‍ക്കും നീന്തല്‍ക്കുളങ്ങള്‍ക്കും 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. മെട്രോ റെയിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും സിറ്റിംഗ് കപ്പാസിറ്റിയിലായിരിക്കും ഓടുക.200 പേര്‍ അകത്തും, 300 അംഗങ്ങള്‍ പുറത്തും എന്ന നിലയില്‍ വിവാഹ ചടങ്ങുകള്‍ അനുവദനീയമാണ്, കൂടാതെ മതപരമായ സ്ഥലങ്ങള്‍ 50 ശതമാനം ശേഷിയില്‍ തുറക്കാം. എന്നാല്‍, സാമൂഹിക, മത, രാഷ്ട്രീയ റാലികള്‍, ധര്‍ണകള്‍, കണ്‍വെന്‍ഷനുകള്‍, പ്രതിഷേധങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കിയിട്ടില്ല. കേരളം, മഹാരാഷ്ട്ര, ഗോവ അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം തുടരും.കര്‍ണാടകയില്‍ വെള്ളിയാഴ്ച 31,198 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു, വ്യാഴാഴ്ച്ചത്തേക്കാള്‍ 7,000 കേസുകളുടെ കുറവുണ്ട്. 15,199 കേസുകളുമായി രോഗബാധയുടെ 50 ശതമാനവും ബാംഗളൂരില്‍ നിന്നാണ്.

© 2024 Live Kerala News. All Rights Reserved.