മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം;വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എംജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍

കോട്ടയം: വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എംജി സര്‍വകലാശാല സെക്ഷന്‍ അസിസ്റ്റന്റ് വിജിലന്‍സ് അറസ്റ്റ് ചെയ്തു.ആര്‍പ്പൂക്കര സ്വദേശിനിയായ എല്‍സി സി.ജെയാണ് വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.സര്‍വകലാശാല ഓഫീസില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് സെക്ഷന്‍ അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയില്‍ നിന്ന് ബാങ്ക് വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയില്‍ 15000 രൂപ സര്‍വകലാശാല ഓഫീസില്‍ വച്ച് കൈപ്പറ്റിയപ്പോള്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അവസാന ഗഡുവായ 15000 രൂപ ജീവനക്കാരിക്ക് നല്‍കാനെത്തിയ വിവരം വിദ്യാര്‍ഥി തന്നെ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. പണം നല്‍കിയതിന് പിന്നാലെ സിജെയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇവര്‍ നേരത്തേയും വിദ്യാര്‍ഥിയില്‍ നിന്ന് പണം വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.