ദുബായ്: അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ ദുബായിലെത്തി.ഒരാഴ്ച യുഎഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരണാധികാരികളും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്‌കരണങ്ങള്‍, ഡിജിറ്റല്‍ വല്‍ക്കരണം, നടപടിക്രമങ്ങളിലെ ലളിതവല്‍ക്കരണമെല്ലാം ബോധ്യപ്പെടുത്തും. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. എക്‌സപോയില്‍ ആറുദിവസമാണ് കേരളത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. ഫെബ്രുവരി അഞ്ചിനു രാവിലെ അമേരിക്കയിലെ വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോര്‍ക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. ഏഴിന് തിരുവനന്തപുരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ഇന്നെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.