ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകരിച്ചു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തല്‍ക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാര്‍ശ സംസ്ഥാനസെക്രട്ടേറിയറ്റിന് നല്‍കിയത്. ജനുവരി ആദ്യവാരം ഇടുക്കിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയുടെ പേര് പറയാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. പറയണമെന്ന് നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയതെന്നും പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലും എസ് രാജേന്ദ്രന്‍ തയ്യാറായിരുന്നില്ല. ഇതില്‍ നിന്ന് കൂടി വിട്ടു നിന്നതോടെ പുറത്തേക്കുള്ള പാത രാജേന്ദ്രന്‍ തന്നെ വെട്ടിയ സ്ഥിതിയായിരുന്നു.

© 2024 Live Kerala News. All Rights Reserved.