ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: ആലുവയിലേക്ക് സിമന്റുമായി വന്ന ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.യെരഗുന്റലയില്‍ (ഗുണ്ടക്കല്‍ ഡിവിഷന്‍, ആന്ധ്രാ) നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് ആലുവയില്‍ ഇന്നലെ രാത്രി പാളം തെറ്റിയത്.കൊല്ലത്തേക്ക് 42 വാഗണ്‍ സിമന്റുമായാണ് ട്രെയിന്‍ വന്നുകൊണ്ടിരുന്നത്. അപകടത്തില്‍ ആളപായമില്ല. ട്രെയിന്‍ എഞ്ചിന്‍ കഴിഞ്ഞ് 2,3,4,5 വാഗണുകളാണ് ആലുവ റെയില്‍വെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാളത്തില്‍ വെച്ച് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രി തന്നെ ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. പുലര്‍ച്ചെ 2.15 ഓടെ ഒരു പാതയില്‍ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിന്‍ കടത്തി വിട്ടു തുടങ്ങി. അപകടത്തെ തുടര്‍ന്ന് അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍ തിരുവനന്തപുരം- ഇന്റര്‍സിറ്റി (16341), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി(16305), കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് (16326), നിലമ്പുര്‍- കോട്ടയം എക്‌സ്പ്രസ്സ്(16325), ഗുരുവായൂര്‍- എറണാകുളം എക്‌സ്‌പ്രെസ്(06439)രണ്ട് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. പുനലൂര്‍ നിന്ന് ഇന്നലെ പുറപ്പെട്ട ഗുരുവായൂര്‍ എക്‌സ്പ്രസ്(16328) തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ പ്രതിദിന എക്‌സ്പ്രസ്(16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്‌സ്‌പ്രെസ് മൂന്ന് മണിക്കൂര്‍ വൈകി 8.15ന് പുറപ്പെടും.

© 2024 Live Kerala News. All Rights Reserved.