കോവാക്‌സിനും കോവിഷീല്‍ഡിനും വാണിജ്യ അനുമതി;മെഡിക്കല്‍ ഷോപ്പുകളില്‍ വാക്‌സിന്‍ ലഭിക്കില്ല

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡിനും വാണിജ്യ അനുമതി. ഇതോടെ കോവിഡ് വാക്സിനുകള്‍ ഇനിമുതല്‍ പൊതുവിപണിയില്‍ ലഭ്യമാവും. ഇന്ത്യയുടെ ഡ്രഗ് റഗുലേറ്റര്‍ (ഡിസിജിഐ) വാക്സിനുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. വാണിജ്യാനുമതി ലഭ്യമാകുന്നതോടെ വാക്സിനുകള്‍ ഇനി മുതല്‍ ആശുപത്രികളിലും, ക്ലിനിക്കുകളിലും ലഭ്യമാവുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ വാക്സില്‍ വില്‍പനയ്ക്ക് അനുമതിയില്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പുതിയ ഡ്രഗ്‌സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ്, 2019 പ്രകാരമാണ് വിപണി വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്.വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു നിലവില്‍ അനുമതി നല്‍കിയിരുന്നത്.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെക്കിന്റെയും പതിവ് വിപണി അംഗീകാരം തേടിയുള്ള അപേക്ഷകള്‍ അവലോകനം ചെയ്ത സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയാണ് ചില നിബന്ധനകള്‍ക്ക് വിധേയമായി കോവിഷീല്‍ഡിനും കോവാക്‌സിനും വിപണി അംഗീകാരം ശുപാര്‍ശ ചെയ്തത്. ജനുവരി 19-ന് ചേര്‍ന്ന യോഗത്തിലായിരുന്നു അംഗീകാരം.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ്-19 പ്രതിരോധ വാക്സിനാണ് കൊവാക്സിന്‍. ഭാരത് ബയോടെക്കിന്റെ പ്രതിരോധ വാക്സിനായ കൊവാക്സിന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ലോകാരോഗ്യ സംഘടനയും അംഗീകാരം നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.