മനോരമയുടെയും മാതൃഭൂമിയുടെയും അച്ചുകള്‍ കോണ്‍ഗ്രസിന് വളരാന്‍ സഹായിച്ചു; ഇന്നിത് സോഷ്യല്‍മീഡിയയുടെ കാലമാണ്, കുപ്രചരണങ്ങള്‍ക്ക് ഇന്ന് ആയുസ്സില്ല; പി.വി അന്‍വര്‍

കോഴിക്കോട്: ഇന്നിത് സോഷ്യല്‍ മീഡിയയുടെ കാലമാണ്.അച്ചടി മാധ്യമങ്ങളുടെയും, പന്നീട് വന്ന ദൃശ്യമാധ്യമങ്ങളുടെയും കുപ്രചരണങ്ങള്‍ക്ക് ഇന്ന് നിമിഷങ്ങളുടെ ആയുസ്സില്ല.നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പറയുന്നു.

അച്ചടി മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന കാലം..
അന്ന് മനോരമയോ,മാതൃഭൂമിയോ പടച്ചുവിടുന്ന ഏത് സി.പി.ഐ.എം വിരുദ്ധ വാര്‍ത്തയ്ക്കും മാര്‍ക്കറ്റ് ഉണ്ടായിരുന്നു.അവര്‍ അറിഞ്ഞ് കൊണ്ട് പ്രചരിപ്പിക്കുന്നത് കള്ളമാണെന്ന് അവര്‍ക്ക് തന്നെ ഉറപ്പുണ്ടായിരുന്നിട്ടും,ഒരു കള്ളം പലതവണ വിളിച്ച് പറഞ്ഞാല്‍ അത് സത്യമാകുമെന്ന ഗീബല്‍സിയന്‍ തിയറി അവര്‍ നെഞ്ചിലേറ്റിയിരുന്ന കാലം..
അന്നവര്‍ കെട്ടിപൊക്കിയ നുണയുടെ കോട്ടകളില്‍ പെട്ട് ജീവിതം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകള്‍ ഉണ്ടാവാം.അപമാനിതരായവര്‍ ഉണ്ടാകാം.ജീവിതം അവസാനിപ്പിച്ചവര്‍ ഉണ്ടാകാം.കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിനെ സഹായിക്കാനായി നമ്പി നാരായണന്‍ എന്ന മഹാപ്രതിഭയുടെ ജീവിതവും കരിയറും ഉള്‍പ്പെടെ ബലികൊടുത്ത് കൊണ്ട് അവര്‍ നടത്തിയ നുണപ്രചരണങ്ങള്‍ പോലെ തന്നെ,അതേ രീതിയില്‍ ജീവിതം തകര്‍ക്കപ്പെട്ട അറിയപ്പെടാത്ത നിരവധി നമ്പി നാരായണന്മാരും അക്കാലത്ത് ജീവിച്ചിരുന്നിരിക്കാം.കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ കാലഘട്ടം എന്ന് തന്നെ ആ കാലയളവിനെ പറയേണ്ടി വരും..
മനോരമയുടെയും മാതൃഭൂമിയുടെയും അച്ചുകള്‍ കോണ്‍ഗ്രസിന് വളരാന്‍ വളക്കൂറുള്ള നിലമായി സദാ സജ്ജമാക്കപ്പെട്ടിരുന്ന ആ കാലത്തും,ആ കുപ്രചരണങ്ങളെ എല്ലാം അതിജീവിച്ച് പാര്‍ട്ടിയെ ജനഹൃദയങ്ങളില്‍ എത്തിച്ച അന്നത്തെ സഖാക്കളുടെ ആത്മവീര്യത്തെ ഒന്നല്ല..ഒരായിരം തവണ നന്ദിപൂര്‍വ്വം സ്മരിച്ചാലും അത് വെറുതെയാകില്ല.അത്രമാത്രം അവര്‍ അന്ന് പോരാടിയിട്ടുണ്ടാകും..
ഇന്ന് കാലം മാറി..
അച്ചടി മാധ്യമങ്ങളുടെയും,പിന്നീട് വന്ന ദൃശ്യമാധ്യമങ്ങളുടെയും കുപ്രചരണങ്ങള്‍ക്ക് ഇന്ന് നിമിഷങ്ങളുടെ ആയുസ്സില്ല.ഇന്നിത് സോഷ്യല്‍ മീഡിയയുടെ കാലമാണ്.ഓരോ സഖാക്കളും ഓരോ മാധ്യമങ്ങളായി മാറുന്നു.പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഒരുക്കപ്പെടുന്ന ഓരോ നുണക്കോട്ടകളും അവര്‍ നിമിഷ നേരം കൊണ്ട് തകര്‍ക്കുന്നു.ഒരാളുടെയും പ്രേരണ ഇല്ലാതെ തന്നെ..
ഇങ്ങനെയുള്ള ആയിരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.ആയിരക്കണക്കിനായ പ്രവാസി സഖാക്കളും അവരാല്‍ കഴിയുന്ന വിധം നവമാധ്യമങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി,പാര്‍ട്ടിക്ക് ഒപ്പമുണ്ട്.ഇതിനെ മാധ്യമങ്ങള്‍ക്കോ,എതിര്‍ രാഷ്ട്രീയ ചേരിയിലെ പ്രമാണികള്‍ക്കോ മനസ്സ് കൊണ്ട് അംഗീകരിക്കാന്‍ കഴിയുന്നില്ല.ഉള്ളിലെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാന്‍,അവര്‍ ഈ കൂട്ടായ്മയെ പല പേരിട്ട് വിളിക്കുന്നു.
സൈബര്‍ ഗുണ്ടകള്‍,കടന്നല്‍ കൂട്ടങ്ങള്‍ എന്നീ പേരുകളില്‍ തുടങ്ങി..ഇന്ന് അത് ‘സി.പി.ഐ.എം സൈബര്‍ ടെററിസ്റ്റുകളില്‍’ എത്തി നില്‍ക്കുന്നു..
ഞാനും ആ കൂട്ടത്തിലെ ഒരു അംഗമാണ്.അതില്‍ അഭിമാനിക്കുന്നു..അഭിവാദ്യങ്ങള്‍ പ്രിയപ്പെട്ട..
സൈബര്‍ സഖാക്കള്‍ക്ക്.

© 2024 Live Kerala News. All Rights Reserved.