കോഴിക്കോട്: സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം.പത്തനംതിട്ടയില്‍ സി.പി.ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ അപലപിച്ച് ജനയുഗം എഡിറ്റോറിയല്‍.’അക്രമ രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങള്‍ വിസ്മരിക്കരുത’് എന്ന തലക്കെട്ടിലായിരുന്നു ജനയുഗത്തിന്റെ എഡിറ്റോറിയല്‍.പത്തനംതിട്ട അങ്ങാടിക്കലിലുണ്ടായ അക്രമം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് ക്രിമിനല്‍ ഗുണ്ടാസംഘങ്ങളുടെ രീതിയാണെന്നും ജനയുഗത്തിന്റെ എഡിറ്റോറിയലില്‍ വിമര്‍ശിച്ചു. ഡി.വൈ.എഫ്.ഐയുടേത് ഗുണ്ടാരാജാണ് കുറ്റപ്പെടുത്തി. ഫാസിസത്തെ എതിര്‍ക്കുന്ന സംഘടനയുടെ പേരില്‍ ആണ് കൊടുമണ്ണില്‍ വീഡിയോ പ്രചരിപ്പിച്ചത്. സംഘടനയുടെ നേതൃത്വം അക്രമത്തെ അപലപിച്ചിട്ടില്ല എന്നത് സമൂഹത്തിന് നല്‍കുന്നത് അപായസൂചനയാണെന്നും ജനയുഗം വിമര്‍ശിച്ചു.ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സി.പി.ഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്.തങ്ങളുടെ പേരില്‍ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാന്‍ ആ സംഘടന മുതിരാത്തിടത്തോളം അവര്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാന്‍ എന്നും ജനയുഗം വിമര്‍ശിച്ചു.
അക്രമങ്ങളും ജനാധിപത്യ വിരുദ്ധ പ്രവണതകളും നല്‍കിയ പാഠങ്ങള്‍ തിരിച്ചറിയാനും സ്വയം തിരുത്താനും വൈകുന്നതിന് വലിയ വില നല്‌കേണ്ടിവരുമെന്ന അനുഭവപാഠങ്ങള്‍ അവഗണിക്കുകയോ വിസ്മരിക്കുകായോ അരുത്,’ ജനയുഗം മുഖപ്രസംഗത്തിലൂടെ പറഞ്ഞു.അതേസമയം, പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഡി.വൈ.എഫ്.ഐ-സി.പി.ഐ സംഘര്‍ഷം ഉടലെടുത്തത്.കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അങ്ങാടിക്കല്‍ സ്‌കൂള്‍ ജങ്ഷനില്‍ വെച്ചാണ് സി.പി.ഐ നേതാക്കളെ ആക്രമിച്ചത്.