തിരുവനന്തപുരം: ജയില്‍ അനുഭവങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പിറന്നാള്‍ദിന കുറിപ്പ്. 59 വയസ് തികഞ്ഞ ഇന്നലെയാണ് ഫേസ്ബുക്കില്‍ അനുഭവങ്ങള്‍ വിവരിച്ചത്.
‘ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്‌നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു. മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത് എന്നും ശിവശങ്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.’
സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സമെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി.സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്.