ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ;എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍.എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയെ കഴിഞ്ഞ വര്‍ഷം ജൂലായ് 20നാണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആയിരുന്നു ആത്മഹത്യ.

ആവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ അര്‍ജുന്‍ അശോകിന്റെ പിഴവാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ പരാതി ലഭിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും അവതാരകയുമായിരുന്നു അനന്യ കുമാരി അലക്‌സ്.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെനേരം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെ അനന്യയ്ക്ക് ഹോസ്പിറ്റലില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നതായി പിതാവ് അലക്‌സാണ്ടര്‍ പറഞ്ഞിരുന്നു. വേദനകൊണ്ട് പിടഞ്ഞപ്പോള്‍ പോലും ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടിട്ട് കിട്ടിയില്ല. നിങ്ങളെന്നെ പരീക്ഷണ വസ്തുവാക്കുകയാണോ എന്ന് അനന്യ ചോദിച്ചിരുന്നെന്നും അലക്‌സാണ്ടര്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.