തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്,ഒമിക്രോണ്‍ കേസുകള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.നിയന്ത്രണം സംബന്ധിച്ച് നാളെ അവലോകന യോഗം തീരുമാനമെടുക്കും. സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറവാണ് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ആവശ്യത്തിന് ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണില്‍ സമൂഹ വ്യാപനമെന്നും വിദഗ്ധര്‍ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ കോവിഡ് ബാധിച്ചവരില്‍ 58 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. അതേസമയം ഒമിക്രോണ്‍ പരിശോധനക്കുള്ള എസ് ജീന്‍ കണ്ടെത്താനുള്ള പിസിആര്‍ കിറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി.അതേസമയം, സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധ അരലക്ഷം കടക്കുമെന്ന് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മൂന്നാഴ്ചക്കുള്ളില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. നേരത്തെ കോവിഡ് ബാധിച്ചവരെ വീണ്ടും കോവിഡ് ബാധിക്കുന്നതിലും വര്‍ധനവുണ്ട്. 15 ന് ദുരന്ത നിവാരണ വകുപ്പ് നല്‍കിയ അനുമാന റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ജനുവരി 27ാം തിയതിയോടെ പ്രതിദിന രോഗബാധ മുപ്പതിനായിരം കടക്കും.