ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടിവെച്ചു.ഇതോടെ ഫെബ്രുവരി 14ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ് നടക്കുക. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച്് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് പഞ്ചാബിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ തിയ്യതി നീട്ടിയത്.തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയ്യതിയെ കുറിച്ചുള്ള സുപ്രധാനമായ തീരുമാനം ഉണ്ടായത്. തെരഞ്ഞെടുപ്പ് തിയ്യതി ആറ് ദിവസം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കത്ത് നല്‍കിയിരുന്നു.ഫെബ്രുവരി 16ന് ശ്രീ ഗുരു രവിദാസ് ജന്മവാര്‍ഷിക ദിനമാണ്. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ദളിത് വിഭാഗങ്ങള്‍ക്ക് പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ തെരഞ്ഞടുപ്പ് നീട്ടിവെക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.സംസ്ഥാനത്തെ ജനസംഖ്യയുടെ 32 ശതമാനത്തോളം വരുന്ന എസ്.സി വിഭാഗത്തില്‍ പെട്ട ചില പ്രതിനിധികള്‍ ഗുരു രവിദാസ് ജന്മവാര്‍ഷിക ദിനത്തിന്റെ കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇതിനാലാണ് ആവശ്യം മുന്നോട്ട് വെക്കുന്നതെന്നും കത്തില്‍ പറയുന്നു.”എസ്.സി വിഭാഗത്തില്‍ പെട്ട വിലിയൊരു വിഭാഗം ഭക്തര്‍ (ഏകദേശം 20 ലക്ഷം) ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ ബനാറസ് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.ഈ സാഹചര്യത്തില്‍ പലര്‍ക്കും തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല,” കത്തില്‍ പറയുന്നു.