പാറശ്ശാല: തിരുവനന്തപുരം ജില്ലാസമ്മേളന വേദിയില്‍ മെഗാ തിരുവാതിരയ്ക്ക് പിന്നാലെ ഗാനമേള സംഘടിപ്പിച്ച് സിപിഎം. സമാപന യോഗത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്.സിനിമാ ഗാനങ്ങളും സിപിഎം ഗാനങ്ങളും വേദിയിലെത്തിയതോടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സഖാക്കളും ആവേശത്തിലായി.
ടിപിആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഇടങ്ങളില്‍ പൊതുപരിപാടികള്‍ നടത്താന്‍ പാടില്ല എന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും അതെല്ലാം അവഗണിച്ചു കൊണ്ടാണ് ഗാനമേള നടത്തിയത്. സൂപ്പര്‍ ഹിറ്റായി മാറിയ പുതിയ സിനിമാ ഗാനങ്ങളാണ് സമ്മേളന വേദിയില്‍ അരങ്ങേറിയത്. ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ല എന്ന് ചീഫ് സെക്രട്ടറിയും കളക്ടറും ഉത്തരവിറക്കിയിരുന്നു. സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തും മുമ്പ് ഗാനമേള സംഘം മടങ്ങുകയും ചെയ്തു.കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ജില്ലാ സമ്മേളമായിരുന്നു തിരുവനന്തപുരത്തേത്. സമ്മേളനത്തിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാറശാലയില്‍ സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായിരുന്നു. കല്യാണം, സംസ്‌കാര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല. ഈ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പ്രതിനിധികള്‍ മാത്രം 250 ല്‍ അധികം പേര്‍ പങ്കെടുത്ത സിപിഎം സമ്മേളനം നടന്നത്