മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആര്‍.ഒയുടെ പുതിയ മേധാവി

ബെംഗളൂരു: ഐഎസ്ആര്‍ഓയുടെ പുതിയ മേധാവിയായി മലയാളിയായ ശാസ്ത്രജ്ഞന്‍ എസ് സോമനാഥ് നിയമിതനായി. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നിലവില്‍ വിഎസ്എസ്സി ഡയറക്ടാറായിരുന്നു. നേരത്തേ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എല്‍പിഎസ്സി) മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് സോമനാഥ് വിഎസ്എസ്സി ഡയറക്ടര്‍ ആയത്. ജിഎസ്എല്‍വി മാര്‍ക്ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്കു രൂപം നല്‍കിയത് സോമനാഥിന്റെ നേതൃത്വത്തിലായിരുന്നു.കൊല്ലത്തെ ടികെഎം കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നാണ് എസ് സോമനാഥ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടി.1985ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ ചേരുകയും പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു. എംജികെ മേനോന്‍, കെ കസ്തൂരിരംഗന്‍, ജി മാധവന്‍ നായര്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മുമ്പ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയ മലയാളികള്‍.

© 2024 Live Kerala News. All Rights Reserved.