ലക്ഷദ്വീപില്‍ നിരോധനാജ്ഞ;കൂട്ടം ചേരുന്നതിന് വിലക്ക്;നടപടി കോവിഡും ഒമിക്രോണും വര്‍ധിച്ചതിനെതുടര്‍ന്ന്

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കൂട്ടം ചേരുന്നതിനും വിലക്കേര്‍പ്പെടുത്തി. നാലോ അതിലധികമോ ആളുകള്‍ കൂട്ടം ചേരുന്നത് സിആര്‍പിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അസ്‌കര്‍ അലി അറിയിച്ചു.കോവിഡിനൊപ്പം ഒമിക്രോണും വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. നേരത്തെ കോവിഡ് കേസുകള്‍ വര്‍ധിച്ച സമയത്തും ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനുളള നടപടിയുടെ ഭാഗമാണ് നിരോധനാജ്ഞയെന്ന് അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
അതേസമയം, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങള്‍ക്ക് പുറമെ നോണ്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കും 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒമിക്രോണ്‍ രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റീന് ശേഷം റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഫലം സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 11 മുതലാണ് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.