വാക്‌സീനെടുത്തില്ല; നൊവാക് ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞ് ഓസ്‌ട്രേലിയ; വിസ റദ്ദാത്തി;നിയമം എല്ലാവര്‍ക്കും ബാധകമെന്ന് വിശദീകരണം

മെല്‍ബണ്‍: കോവിഡ് വാക്സീന്‍ എടുക്കാത്ത ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ചു ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിനായി എത്തിയ താരത്തെ 15 മണിക്കൂറിലധികം മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ജോക്കോവിച്ചിനോട് കാണിച്ചത് മര്യാദകേടെന്നായിരുന്നു സെര്‍ബിയയുടെ പ്രതികരണം. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മറുപടി നല്‍കി.മെല്‍ബണിലെത്തിയ നൊവാക് ജോക്കോവിച്ചിനോട് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ചിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വാക്‌സിന്‍ എടുക്കാത്തതിന് കാരണമായി കൃത്യമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാന്‍ താരത്തിന് കഴിഞ്ഞില്ലെന്നും അധികൃതര്‍ പറഞ്ഞു.വിമാനത്താവളത്തില്‍ എത്തിയപാടെ ജോക്കോവിച്ചിനെ സുരക്ഷാ സേന തടഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ ഓസ്‌ട്രേലിയയില്‍ ആര്‍ക്കും ഇളവ് നല്‍കാനാകില്ലെന്നും വ്യക്തമാക്കി. 15 മണിക്കൂറിലധികം തടഞ്ഞുവെച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലേക്ക് മാറ്റി. ജോക്കോയെ ഇന്ന് തന്നെ സെര്‍ബിയയിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം. ഓസ്‌ട്രേലിയന്‍ അധികൃതരുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയും സെര്‍ബിയയും തമ്മിലുള്ള നയതന്ത്ര വിഷയമായി സംഭവം മാറി. ജോക്കോവിച്ചിനെപ്പോലൊരു താരത്തോട് വളരെ മോശമായാണ് ഓസ്‌ട്രേലിയ പെരുമാറിയതെന്ന് സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിക് കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയന്‍ അംബാസിഡറെ സെര്‍ബിയന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ ജോക്കോവിച്ചിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. നിയമം കര്‍ശനമായി പാലിക്കുമെന്നും എത്ര വലിയ താരമാണെങ്കിലും ഇളവ് നല്‍കാനാകില്ലെന്നുമായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പ്രതികരണം. നിലവിലെ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജോക്കോവിച്ച് 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2008 ബീജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്. ജനുവരി 17-നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.