കൈക്കൂലിയായി വാങ്ങുന്നത് മത്തനും ഓറഞ്ചും പണവും;വാളയാറില്‍ വിജിലന്‍സ് റെയ്ഡ്, 67,000 രൂപ പിടിച്ചെടുത്തു; വിജിലന്‍സ് റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ ഇറങ്ങിയോടി

പാലക്കാട്: വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. കൈക്കൂലിയായി വാങ്ങുന്നത് പണത്തിനുപുറമേ മത്തനും ഓറഞഞ്ചും അടക്കമുള്ള പഴങ്ങളും പച്ചക്കറികളും. ഇന്നലെ രാത്രി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കൈക്കൂലിയുടെ പുതിയ വേര്‍ഷന്‍ കണ്ടെത്തിയത്.സ്വാമിമാരുടെയും ഡ്രൈവര്‍മാരുടെയും വേഷത്തിലാണ് വിജിലന്‍സ് എത്തിയത്. പരിശോധനയില്‍ ഇലപ്പൊതിയില്‍ കൊണ്ടുവന്ന 67,000 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തു.ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു റെയ്ഡ്. ചെക്ക് പോസ്റ്റില്‍ ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. വിജിലന്‍സ് സംഘത്തെ കണ്ട് ഉദ്യോഗസ്ഥര്‍ ഭയന്നോടി. 67,000 രൂപയ്ക്ക് പുറമേ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയട്ടുണ്ടെന്ന് കണ്ടെത്തി. ആറ് മണിക്കൂര്‍ കൊണ്ടാണ് ഇത്രയും തുക കൈക്കൂലിയായി വാങ്ങിയത്. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണ കുമാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്തേക്കും.വിജിലന്‍സ് ഡിവൈഎസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ചെക്ക് പോസ്റ്റില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കൈപറ്റുന്നത്.

© 2024 Live Kerala News. All Rights Reserved.