ജമ്മുകശ്മീരിലെ മാതാവൈഷ്‌ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ജമ്മു : ജമ്മുകശ്മീരിലെ മാതാവൈഷ്‌ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, ജമ്മു കശ്മീരില്‍ നിന്നുള്ള ഒരാളും ആണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പുതുവര്‍ഷത്തോടനുബന്ധിച്ച് വന്‍ ജനക്കൂട്ടം ദര്‍ശനം നടത്താന്‍ എത്തിയതാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.ത്രികൂട പര്‍വതത്തിലെ ശ്രീകോവിലിന്റെ പുറത്തായിരുന്നു സംഭവം. അനുമതിയില്ലാതെ നിരവധി പേര്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം നിര്‍ത്തി വച്ചിരിക്കുകയാണ്.മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു.പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.