ന്യൂഡല്‍ഹി:തുണിത്തരങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കേന്ദ്രം.അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് മരവിപ്പിച്ചത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.വ്യാപാരികളില്‍നിന്നും ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും സമ്മര്‍ദമുണ്ടായതിനെതുടര്‍ന്നാണ് വര്‍ധന തല്‍ക്കാലംവേണ്ടെന്ന് തീരുമാനിച്ചത്. ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.അതേസമയം, പാദരക്ഷകളുടെ ജിഎസ്ടി വര്‍ധന പിന്‍വലിച്ചിട്ടില്ല. ചെരുപ്പുകളുടെ വില ജനുവരി ഒന്നുമുതല്‍ കൂടും.ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം, വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തുമെന്ന് ഈ വര്‍ഷം ആദ്യമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് പ്രഖ്യാപിച്ചിരുന്നത്. 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പറഞ്ഞിരുന്നത്.ധനമന്ത്രാലയത്തിലെ കേന്ദ്ര സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കിഷന്റാവു കരാദ് എന്നിവരും ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.