കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലയാളികള്‍ മദ്യ വാങ്ങിയതിലൂടെ നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയത് 46,546.13 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ടാക്സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലവുമായി താരതമ്യം ചെയ്യമ്പോള്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 50 ശതമാനത്തിലധികം വര്‍ധനയാണ് മദ്യവരുമാനത്തിലുണ്ടായത്.2016 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 942,25,4.386 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 422,38,6.768 ലിറ്റര്‍ ബിയറും 55,57.065 ലിറ്റര്‍ വൈനുമാണ് അഞ്ച് വര്‍ഷം കൊണ്ട് മലയാളികള്‍ കുടിച്ച് തീര്‍ത്തത്. ഓരോ ദിവസവും ശരാശരി 25.53 കോടി രൂപയാണ് മദ്യപര്‍ ഖജനാവിലേക്ക് നികുതിയായി നല്‍കുന്നത്, പ്രതിമാസം ശരാശരി 766 കോടി രൂപ. 2018-19ല്‍ 96,15.54 കോടിയും 2019-20ല്‍ 103,32.29 കോടിയുമാണ് ലഭിച്ചത്. മദ്യവില്‍പനയിലൂടെ ബെവ്കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി.2016-17ലും 2017-18ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്കോ ലാഭമുണ്ടാക്കിയിട്ടുണ്ട്.പിന്നീടുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് വിശദീകരണമുണ്ടായത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വൈന്‍ 37 ശതമാനം, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വൈന്‍ ഒഴിച്ചുള്ള മദ്യം 115 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത ബിയര്‍ 112 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം 247 ശതമാനം, കേയ്സിന് 400 രൂപയില്‍ കൂടുതലുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം 237 ശതമാനം എന്നിങ്ങനെയാണ്.