ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്; രഘുനാഥ് പലേരിക്ക് ബാലസാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്. ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കും യുവപുരസ്‌കാരം മോബിന്‍ മോഹനും ലഭിച്ചു. ‘അവര്‍ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയ്ക്കാണ് പാലേരിക്ക് പുരസ്‌കാരം. ‘ജക്കരാന്ത’ എന്ന നോവലാണ് മോബിന്‍ മോഹനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.1941 നവംബര്‍ 16ന് മൂവാറ്റുപുഴയ്ക്കടുത്ത് ഓണക്കൂറില്‍ ജോര്‍ജ് ഓണക്കൂര്‍ ജനിച്ചു. നോവലിസ്റ്റ്, കഥാകാരന്‍, സാഹിത്യ വിമര്‍ശകന്‍, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980ലും 2004ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2006ല്‍ തകഴി അവാര്‍ഡ്, 2009ല്‍ കേശവദേവ് സാഹിത്യ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.