കൊല്ലം:കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്ന്് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. തന്റെ കുടുംബത്തിലുള്ള ആരും പാര്‍ട്ടിയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ബി പിളര്‍ന്ന് ഗണേഷ് കുമാര്‍ എംഎല്‍എയെ നീക്കി അദ്ദേഹത്തിന്റെ സഹോദരി ഉഷ മോഹന്‍ദാസിനെ പുതിയ അദ്ധ്യക്ഷയായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെ ഉഷ മോഹന്‍ദാസിനുള്ള മറുപടി ആയിട്ടായിരുന്നു എംഎല്‍എയുടെ പ്രതികരണം.കേരള കോണ്‍ഗ്രസ് ബി നിയമപരമായി ഒരെണ്ണമേ ഉള്ളൂവെന്നും, പാര്‍ട്ടി ചെയര്‍മാനായി തന്നെ തിരഞ്ഞെടുത്തത് സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് എന്നും അദ്ദേഹം പറഞ്ഞു. അച്ഛന്‍ രാഷ്ട്രീയത്തിലുള്ളപ്പോള്‍ താന്‍ രാഷ്ട്രീയത്തില്‍ വന്നതാണ്. 23 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി താന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനങ്ങള്‍ തന്റേത് മാത്രമല്ലെന്നും. പാര്‍ട്ടി ഒറ്റക്കെട്ടായി എടുക്കുന്നതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ചയായിരുന്നു കെ ബി ഗണേഷ് കുമാറിനെ നീക്കി ഉഷ മോഹന്‍ദാസിനെ പുതിയ അദ്ധ്യക്ഷയായി കൊച്ചിയില്‍ ചേര്‍ന്ന വിമത യോഗത്തില്‍ തിരഞ്ഞെടുത്തത്. പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതിലടക്കം പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കെ ബി ഗണേഷ് കുമാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉഷ മോഹന്‍ദാസ് ഉന്നയിച്ചത്.