അതിന് വിവരമില്ല;പറഞ്ഞു കൊടുക്കാന്‍ തക്ക ബുദ്ധിയുള്ള ഒരുത്തനും സി.പി.ഐ.എമ്മില്‍ ഇല്ല; ആര്യ രാജേന്ദ്രനെതിരെ വീണ്ടും കെ.മുരളീധരന്‍

കൊച്ചി: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വീണ്ടും പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരന്‍.കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ കയറിപ്പോയെന്ന വാര്‍ത്ത ഉന്നയിച്ചാണ് മുരളീധരന്‍ ആര്യാ രാജേന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനം നടത്തിയത്. മേയര്‍ക്ക് വിവരം ഇല്ലാത്തതിനാലാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതെന്നും ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്ക ബുദ്ധിയുള്ള ഒരുത്തനും സി.പി.ഐ.എമ്മില്‍ ഇല്ലെയെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം.കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍. തിരുവനന്തപുരത്ത് ഒരു മേയര്‍ ഉണ്ട്. അതിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോള്‍ ഒരു കാര്യം മനസിലായി. അതിന് വിവരവും ഇല്ലെന്ന്. ആരെങ്കിലും ചെയ്യുമോ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയാണ്. ഹോണടിച്ചിട്ട്. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറിയാല്‍ സ്‌പോട്ടില്‍ വെടിവയ്ക്കുകയാണ് ചെയ്യുന്നത്. ‘കീ’ന്നു ഹോണടിച്ച് കയറിയാല്‍, ‘ഠേ’ന്നുള്ള മറുപടിയായിരിക്കും കിട്ടുക. ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സി.പി.ഐ.എമ്മില്‍ ഇല്ലേ എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.നേരത്തെയും സമാനമായ രീതിയില്‍ മുരളീധരന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.