ന്യൂഡല്‍ഹി: നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്.അയല്‍ സംസ്ഥാനമായ തമിഴ്‌നാട് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. തെലങ്കാനയാണ് മൂന്നാംസ്ഥാനത്ത്. ഉത്തര്‍പ്രദേശ് ആണ് ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വര്‍ഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍ പറഞ്ഞു.സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യ ഫലങ്ങളില്‍ പുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനുമുള്ള ചുവടുവെപ്പാണ് ദേശീയ ആരോഗ്യ സൂചിക.