ആന്ധ്രയില്‍നിന്ന്10 ടണ്‍ തക്കാളിയെത്തി; ഹോര്‍ട്ടികോര്‍പ്പ് വഴി 48 രൂപയ്ക്ക് ജനങ്ങളിലേക്ക്;വിലക്കയറ്റത്തില്‍ ഇടപെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലകുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളി കൃഷിവകുപ്പ് നേരിട്ട് ശേഖരിച്ച കേരളത്തിലെത്തിച്ചു. തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിച്ച തക്കാളി കൃഷി വകുപ്പ് ഡയറക്ടര്‍ ഏറ്റുവാങ്ങി. എറണാകുളം വരെയുള്ള ജില്ലകളിലെ ഹോര്‍ട്ടികോര്‍പ്പ് ഔട്ലെറ്റുകള്‍ വഴി കിലോക്ക് 48 രൂപയ്ക്കാണ് തക്കാളി ജനങ്ങളിലേക്ക് എത്തിക്കുക. ചില്ലറ വിപണിയില്‍ 53 മുതല്‍ 58 രൂപവരെയാണ് ഇന്ന് തക്കാളി വില.കേരളത്തിലെ പച്ചക്കറി വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിര്‍ണായക ഇടപെടലെന്നും വില നിയന്ത്രിക്കാന്‍ നടപടികള്‍ തുടരുമെന്നും കൃഷിവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മറ്റു പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിനായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ കൃഷി ഇറക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രാ പ്രദേശില്‍ നിന്നുമാണ് പച്ചക്കറികള്‍ എത്തിക്കുന്നത്. ജനുവരി ആദ്യം ആഴ്ച വരെ,തമിഴ്‌നാട് ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറി സംഭരണം തുടരാനാണ് തീരുമാനം. ഇതിലൂടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് പച്ചക്കറി വില നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.