വീണ്ടും നിയന്ത്രണങ്ങളിലേക്ക്?രാജ്യത്ത് ഒമിക്രോണ്‍ കൂടുന്നു;ഇതുവരെ സ്ഥിരീകരിച്ചത് 578പേര്‍ക്ക്;കൂടുതല്‍ ഡല്‍ഹിയില്‍;രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഡല്‍ഹി

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗികള്‍ വര്‍ദ്ധിക്കുന്നു. ഇതുവരെ 578 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 142 പേര്‍ക്ക് ആണ്. ഒമിക്രോണ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 19 ആയിട്ടുണ്ട്.ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിക്കുകയാണ്. ഒമിക്രോണ്‍ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം.അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ഡല്‍ഹിയിലും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് യു.പിയില്‍ ശനിയാഴ്ചകൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കല്യാണത്തിനും മറ്റ് പരിപാടികള്‍ക്കും 200 ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.മധ്യപ്രദേശിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. രാത്രി 11 മണി മുതല്‍ 5 മണിവരെ മധ്യപ്രദേശില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.