നൊബേല്‍ ജേതാവ് ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു;വിടപറഞ്ഞത് വര്‍ണ വിവേചന വിരുദ്ധ സമരനായകന്‍

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ ആര്‍ച്ച് ബിഷപും നോബേല്‍ സമ്മാന ജേതാവുമായ ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ടുട്ടുവിന്റെ മരണം സ്ഥിരീകരിച്ചത്. വര്‍ണവിവേചനത്തിന് എതിരായ പോരാട്ടത്തില്‍ മുന്‍നിരക്കാരനായിരുന്ന ഡെസ്മണ്ട് ടുട്ടുവിനെ 1984 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചിരുന്നു.1996 ല്‍ ആര്‍ച്ച് ബിഷപ് പദവിയില്‍ നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആര്‍ച്ച് ബിഷപ് എമെരിറ്റസ് സ്ഥാനം അലങ്കരിക്കുകയായിരുന്നു. അടുത്തിടെ റോഹിങ്ക്യന്‍ വിഷയത്തില്‍ അടക്കം അഭിപ്രായപ്രകടനവുമായി ടുട്ടു രംഗത്തെത്തിയിരുന്നു.ദീര്‍ഘകാലമായി അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.ഇന്ന് രാവിലെ കേപ് ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററിലായിരുന്നു മരണം.നൊബേല്‍ സമ്മാനത്തിന് പുറമെ മാനുഷിക സേവനത്തിനുള്ള ആല്‍ബര്‍ട്ട് ഷ്വിറ്റ്സര്‍ സമ്മാനം,2005 ലെ ഗാന്ധി സമാധാന സമ്മാനം, പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.