എറണാകുളം: കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികള്‍ പൊലീസുകാരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കിറ്റെക്‌സ് എംഡി സാബു ജേക്കബ്. അക്രമ സംഭവങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് സാബു. എം. ജേക്കബ്. മറ്റുള്ള പ്രചാരണങ്ങള്‍ എല്ലാം രാഷ്ട്രീയപരമായി ഉണ്ടാക്കുന്നതാണെന്നും സാബു. എം. ജേക്കബ് പറഞ്ഞു.’വളരെ യാദൃശ്ചികമായിട്ടുണ്ടായ സംഭവമായിരുന്നു അത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ചില തൊഴിലാളികള്‍ ഇറങ്ങി. ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് അവിടെയുള്ള മറ്റു ചില തൊഴിലാളികള്‍ അതിനെ എതിര്‍ത്തു. അങ്ങനെയാണ് തര്‍ക്കം തുടങ്ങിയതെന്ന് സാബു പറഞ്ഞു.തടയാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരെയും തൊഴിലാളികള്‍ ആക്രമിച്ചു. അങ്ങനെയാണ് പൊലീസിനെ വിളിച്ചത്. പൊലീസിനെയും ആക്രമിക്കുകയാണുണ്ടായത്.ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസിലായത് ഇവരെന്തോ ഡ്രഗ്‌സ് ഉപയോഗിച്ചിരുന്നുവെന്നാണ്. ആദ്യമായിട്ടാണ് അവിടെ ഇങ്ങനെയൊരു സംഭവമുണ്ടായതെന്നും സാബു പറഞ്ഞു.കസ്റ്റഡിയിലെടുത്ത എല്ലാവരും പ്രതികളല്ലെന്നും, മുപ്പതില്‍ താഴെ ആളുകളാണ് ആക്രമണം നടത്തിയതെന്നും സാബു പറഞ്ഞു.
കഴിഞ്ഞ എട്ടുപത്ത് വര്‍ഷത്തെ ഹിസ്റ്ററി നോക്കണമെന്നും ഒരുകാലത്തും ഒരു കേസ് പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ ആയി ആരുണ്ടെങ്കിലും സംരക്ഷിക്കില്ലെന്നും പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലഹരി വ്യാപകമായി ലഭിക്കുന്നുണ്ടെന്നതാണ് പ്രധാന പ്രശ്നം. അതാണ് തടയേണ്ടതെന്നും സാബു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ അക്രമസംഭവങ്ങളില്‍ കമ്പനി ഉടമക്കെതിരെയും അന്വേഷണം നടത്തണമെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍ പറഞ്ഞിരുന്നു.കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ നടന്ന തര്‍ക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികള്‍ അഞ്ചു പേര്‍ക്ക് കഴിയാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാര്‍ക്കുകയാണ്. അവര്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും എംഎല്‍എ വിമര്‍ശിച്ചു.കമ്പനിയുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികള്‍കള്‍ക്കെതിരെ കിഴക്കമ്പലത്തെ നാട്ടുകാര്‍ മുമ്പും പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്ത് പരിശോധനക്ക് എത്തിയപ്പോള്‍ തങ്ങളെ വേട്ടയാടുന്നുവെന്നാണ് കിറ്റക്‌സ് കമ്പനി അന്ന് ആരോപിച്ചത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കാനും കമ്പനി ശ്രമിച്ചതായി എംഎല്‍എ പറഞ്ഞു. അന്ന് പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നു. നാട്ടുകാര്‍ക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യമുണ്ടാക്കണമെന്നും എംഎല്‍എ ശ്രീനിജന്‍ ആവശ്യപ്പെട്ടു. ക്രിസ്മസ് ദിവസം രാത്രിയാണ് കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത്.കുന്നത്തുനാട് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ക്ക് തൊഴിലാളികള്‍ തീയിടുകയും ചെയ്തിരുന്നു. ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.അക്രമത്തില്‍ സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.