ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളിലെ ക്രിസ്മസ് ആഘോഷം ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടഞ്ഞ്. മാണ്ഡ്യ ജില്ലയിലെ നിര്‍മല ഇംഗ്ലീഷ് ഹൈസ്‌കൂളിലെ ആഘോഷമാണ് തടഞ്ഞത്.അക്രമി സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹിന്ദുക്കളുടെ ആഘോഷമായ ഗണേശോത്സവം ആഘോഷിക്കണമെന്നും സരസ്വതി ദേവിയുടെ ചിത്രം സ്‌കൂളില്‍ വെയ്ക്കണമെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു.എല്ലാവര്‍ഷവും സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാറുണ്ട്. കോവിഡ് നിയന്ത്രണം കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷം ഉണ്ടായിരുന്നില്ല. ഇത്തവണയും ഒഴിവാക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ചെറിയ രീതിയില്‍ ആഘോഷിക്കാന്‍ അനുമതി നല്‍കുകയായിരുന്നു എന്നും കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കേക്ക് വാങ്ങിയത് എന്നും അവര്‍ പറഞ്ഞു. സ്‌കൂളില്‍ ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ മാത്രമാണ് നടത്താറുള്ളത് എന്നും ഹിന്ദു ആഘോഷങ്ങള്‍ സംഘടിപ്പിക്കാറില്ലെന്നും രക്ഷിതാക്കളില്‍ ഒരാള്‍ ഹിന്ദുത്വ സംഘടനകളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലയാണ് പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി ആഘോഷം തടഞ്ഞത്. സ്‌കൂളില്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. ഈ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.