കാണ്‍പൂരില്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 177.45 കോടി;36 മണിക്കൂര്‍ നീണ്ട റെയ്ഡ്

ലഖ്‌നോ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന ്ആദായ നികുതി,ജിഎസ്ടി വകുപ്പുകള്‍ പിടിച്ചെടുത്തത് 177 കോടി രൂപ. പിയൂഷ് ജെയിന്‍ എന്ന വ്യവസായിയില്‍ നിന്ന് കള്ളപ്പണം പിടികൂടിയത്. ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂര്‍ എടുത്താണ് റെയ്ഡ് പൂര്‍ത്തിയാക്കിയത്. 5 നോട്ടെണ്ണല്‍ മെഷീനുകള്‍ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീര്‍ത്തത്. കണ്ടെയിനര്‍ ലോറിയിലാണ് ഉദ്യോഗസ്ഥര്‍ പണം കൊണ്ടുപോയത്. പീയുഷ്‌ജെയിനിന്റെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു വ്യാഴാഴാചയും വെള്ളിയാഴ്ചയുമായി പരിശോധന. 11 ഇടങ്ങളിലായിരുന്നു പരിശോധന. പ്ലാസ്റ്റിക് കവറില്‍ റിബ്ബണ്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കറന്‍സികള്‍ സൂക്ഷിച്ചിരുന്നത്. നോട്ടു കെട്ടുകള്‍ കണ്ട് കണ്ണ് തള്ളിയ അവസ്ഥയിലായിരുന്നു പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍.പിയൂഷ് ജെയിന്റെ കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളില്‍ നിന്നും കാണ്‍പൂരിലെ വസതിയില്‍ നിന്നുമാണ് പണം പിടികൂടിയത്. മൂന്ന് നോട്ടെണ്ണല്‍ യന്ത്രങ്ങളും ഇയാളില്‍ നിന്നും പിടികൂടി. വീടിന് പുറമേ ഓഫീസിലും കോള്‍ഡ് സ്റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിലും പരിശോധന നടത്തി. ഒടുവില്‍ കണ്ടെയിനര്‍ എത്തിച്ചാണ് പണം പൊലീസ് ഇവിടെ നിന്നും മാറ്റിയത്. ഇയാളുടെ ഉടമസ്ഥതയില്‍ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിനെനാണ് റിപ്പോര്‍ട്ടുകള്‍. സമാജ്വാദി പാര്‍ടിയുടെ പേരില്‍ ‘സമാജ്വാദി അത്തര്‍’ പുറത്തിറക്കിയതും ജെയിനാണ്.

© 2024 Live Kerala News. All Rights Reserved.