ഷാന്‍ വധക്കേസ്; അഞ്ച് പേര്‍ പിടിയില്‍; എല്ലാവരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍;കസ്റ്റഡിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘത്തിലെ അഞ്ച് പേര്‍ പൊലീസ് പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചംഗസംഘമാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ അഞ്ചുപേരും ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് എന്നാണ് പോലീസ് നല്‍കുന്ന സൂചന. അതുല്‍, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരാണ് കേരളാ പൊലീസിന്റെ കസ്റ്റഡിയിലായത്. ഷാന്‍ കൊലക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികള്‍ കസ്റ്റഡിയിലാകുന്നത് ആദ്യമാണ്.
കുട്ടനാട്ടിലെ കൈനകരിയില്‍ നിന്നാണ് അഞ്ചുപേരേയും പിടികൂടിയത്. നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലടക്കം പിടിയിലായിരുന്നു. കാര്‍ സംഘടിപ്പിച്ച് നല്‍കിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെത്തിയ കാര്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.പ്രതികള്‍ ജില്ല വിട്ടിട്ടില്ലെന്ന് നേരത്തെ കേരളാ പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികള്‍ വലയിലായത്. കാറിലെത്തി കൃത്യം നടത്തിയ സംഘം ആംബുലന്‍സിലാണ് രക്ഷപ്പെട്ടത്. ഇവര്‍ ചേര്‍ത്തല ഭാഗത്തേക്കാണ് പോയതെന്ന് നേരത്തെ പിടിയിലായ ആംബലന്‍സ് ഒരുക്കി നല്‍കിയ അഖില്‍ മൊഴി നല്‍കിയിരുന്നു. ഇത് കൂടി കണക്കിലെടുത്തായിരുന്നു പരിശോധന. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ ഷാന്‍ ആക്രമിക്കപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.ഷാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു.
ഞായര്‍ പുലര്‍ച്ച ആറരയോടെ ഒരു സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

© 2024 Live Kerala News. All Rights Reserved.