തിരുവനന്തപുരം: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്- എസ്ഡിപിഐ സംഘടനകളിലുള്ള ക്രിമിനല്‍ ലിസ്റ്റില്‍ പെട്ട ആളുകളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദേശം.ജില്ലാ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുക. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍ പെട്ടവരുടെയും പേരുവിവരങ്ങളും കേസുകളുടെ വിവരങ്ങളുമാണ് ശേഖരിക്കുന്നത്.വാറന്റ് പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.ജാമ്യത്തില്‍ കഴിയുന്നവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.
അക്രമങ്ങള്‍ക്ക് പണം നല്‍കിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താന്‍ ആവശ്യമായ അന്വേഷണം നടത്തി മേല്‍നടപടി സ്വീകരിക്കും.നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എഡിജിപിയും മേഖലാഐജിമാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.