സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍(94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം.ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ സംവിധായകനാണ്.നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ഒരുക്കിയിരുന്നു.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കാതെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകരിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ പ്രമുഖനായിരുന്നു കെ.എസ് സേതുമാധവന്‍.രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.
ഓടയില്‍ നിന്ന്, ഓപ്പോള്‍, ചാട്ടക്കാരി, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴിക നേരം തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. മലയാള സിനിമയുടെ തുടക്ക കാലത്ത് മാറ്റത്തിന്റെ കാഹളം മുഴക്കിയ സംവിധായകനായിരുന്നു സേതുമാധവന്‍.1971 ല്‍ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലതാരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു.. 1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു.മലയാളത്തിലെ വായനക്കാര്‍ ഏറ്റെടുത്ത നോവലുകളെ അടക്കം സിനിമയാക്കി മാറ്റുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സമഗ്ര സംഭാവനയ്ക്ക് 2009 ലാണ് അദ്ദേഹത്തിന് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്.പാലക്കാടായിരുന്നു കെ.എസ്. സേതുമാധവന്റെ ജനനം. പിന്നീട് വിക്ടോറിയ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ. രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്.1960 പുറത്തിറങ്ങിയ വീരവിജയ എന്ന ചിത്രമാണ് ആദ്യ ചിത്രം. മുട്ടത്ത് വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് കെ.എസ്. സേതുമാധവന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം.പിന്നീട് 60 ഓളം സിനിമകള്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്തു. 1973 ല്‍ ദേശീയ പുരസ്‌കാരത്തിന്റെ ഭാഗമായ നര്‍ഗിസ് ദത്ത് അവാര്‍ഡ് നേടി.മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു. വത്സലയാണ് ഭാര്യ. മക്കള്‍ : സോനുകുമാര്‍, ഉമ, സന്തോഷ് സേതുമാധവന്‍.

© 2024 Live Kerala News. All Rights Reserved.