ചൈനീസ് നഗരത്തില്‍ വീണ്ടും ലോക്ഡൗണ്‍; കോവിഡ് വ്യാപനം തടയാന്‍

ബൈജിങ്: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വടക്കന്‍ ചൈനീസ് നഗരമായ ഷിയാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 2022 വിന്റര്‍ ഒളിമ്പിക്‌സിന് ഫെബ്രുവരിയില്‍ ബൈജിങ് വേദിയാകാനിരിക്കെ, കോവിഡ് വ്യാപനം ഏതുവിധേനയും തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം അവശ്യവസ്തുക്കള്‍ വാങ്ങാന്‍ രണ്ട് ദിവസത്തിലൊരിക്കല്‍ ഒരുവീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമൊള്ളൂ. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. എന്നുവരെയാണ് നിയന്ത്രണങ്ങള്‍ എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദീര്‍ഘദൂര ബസ് സ്റ്റേഷനുകള്‍ ഇതിനകം അടച്ചു. നഗരത്തിലേക്കുള്ള റോഡുകളില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സിയാന്‍ വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.അത്യാവശ്യമല്ലാത്ത ബിസിനസുകളും അടച്ചുപൂട്ടി. പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.മുന്‍കരുതലെന്ന നിലയില്‍ ബാറുകള്‍, ജിമ്മുകള്‍, സിനിമാശാലകള്‍ തുടങ്ങിയ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ അടച്ചിരുന്നു.ഷിയാനിലെ 1.3 കോടി ജനങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയരാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.