കണ്ണുകള്‍ ദാനം ചെയ്തു;റീത്ത് വെക്കരുത്; ദഹിപ്പിക്കണം;വയലാറിന്റെ പാട്ട് കേള്‍ക്കണം; പി.ടി തോമസിന്റെ അന്ത്യാഭിലാഷങ്ങള്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു.അസുഖം മൂര്‍ഛിച്ച ഘട്ടത്തില്‍ തന്നെ അന്ത്യാഭിലാഷങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ അദ്ദേഹം മറന്നില്ല.മൃതദേഹം കൊച്ചി രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നും കണ്ണുകള്‍ ദാനം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരും തന്നെ മൃതദേഹത്തില്‍ റീത്ത് വെക്കരുത്.അന്ത്യോപചാര സമയത്ത് വയലാറിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളില്‍ ഒന്നായ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം… എന്ന ഗാനം കേള്‍പിക്കണം. ചിതാഭസ്മത്തില്‍ ഒരു ഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം എന്നും പിടി തോമസ് അന്ത്യാഭിലാഷ പട്ടികയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ ചടങ്ങുകള്‍ നടത്താനാണ്
ബന്ധുക്കളുടെ ആലോചന.കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി.ടി.തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. അതേസമയം പിടി തോമസിന്റെവ മൃതദേഹം രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. അവിടെ നിന്നും പുലര്‍ച്ചയോടെ കൊച്ചിയിലെത്തിക്കും. രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം എട്ടു മണിക്ക് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒന്നരവരെയാവും ടൗണ്‍ഹാളില്‍ പൊതു ദര്‍ശനം. തുടര്‍ന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനം, തുര്‍ന്ന് വൈകിട്ട് നാലരടോയെ രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം എന്നാണ് നിലവിലെ ഡിസിസിയിലെ ധാരണ. വയനാട്ടിലുള്ള രാഹുല്‍ ഗാന്ധി രാത്രി ഏഴുമണിയോടെ കൊച്ചിയിലെത്തും, നാളെ അദ്ദേഹം പിടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കും.

© 2024 Live Kerala News. All Rights Reserved.